ബെയ്ജിംഗ്: കാൻസർ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് തന്റെ സമ്പാദ്യമെല്ലാം ഉപയോഗിച്ച് അന്റാർട്ടിക്കയിലേക്ക് യാത്ര നടത്തിയ 67 കാരിയായ ചൈനീസ് വനിതയ്ക്ക് അത്ഭുതകരമായ അനുഭവം. യാത്ര കഴിഞ്ഞ് തിരിച്ചെത്തി നടത്തിയ പരിശോധനയിൽ ശരീരത്തിലെ ട്യൂമർ ചുരുങ്ങിയതായി ഡോക്ടർമാർ കണ്ടെത്തി. ചൈനയിലെ യുനാൻ പ്രവിശ്യയിൽ നിന്നുള്ള അമച്വർ വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫറായ വാംഗ് യിംഗ് ആണ് ഈ അതിജീവനത്തിന്റെ കഥയിലൂടെ ശ്രദ്ധ നേടുന്നത്.
2013-ൽ വിരമിക്കലിന് തൊട്ടുമുമ്പ് തൈറോയ്ഡ് കാൻസർ ബാധിതയാണെന്ന് കണ്ടെത്തുകയും ഉടൻ ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്നതിന് പകരം, ജീവിതത്തിന്റെ അവസാന കാലഘട്ടമാണിതെന്ന് കരുതി ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന അന്റാർട്ടിക്ക സന്ദർശനത്തിനും പെൻഗ്വിനുകളെ ക്യാമറയിൽ പകർത്താനുമായി വാംഗ് തീരുമാനിക്കുകയായിരുന്നു. തന്റെ കൈവശമുള്ള പണവും അമ്മയുടെ സഹായവും ചേർത്താണ് 150,000 യുവാൻ (ഏകദേശം 21.05 ലക്ഷം രൂപ) ചെലവഴിച്ച് ഒരു മാസത്തെ അന്റാർട്ടിക്ക യാത്ര നടത്തിയത്.
മൈനസ് 10 ഡിഗ്രി സെൽഷ്യസ് തണുപ്പിലും കനത്ത കാറ്റിലും മഞ്ഞുവീഴ്ചയിലും മണിക്കൂറുകളോളം പുറത്തുനിന്ന് അവർ ഒടുവിൽ ആഗ്രഹിച്ച പെൻഗ്വിൻ ചിത്രങ്ങൾ പകർത്തി. യാത്രയ്ക്ക് ശേഷം തിരിച്ചെത്തി നടത്തിയ വൈദ്യപരിശോധനയിലാണ് ഒരു മാസം മുമ്പുണ്ടായിരുന്നതിനേക്കാൾ ട്യൂമർ വലുപ്പം കുറഞ്ഞതായി ഡോക്ടർമാർ കണ്ടെത്തിയത്. തത്കാലം ശസ്ത്രക്രിയ ആവശ്യമില്ലെന്നും ആരോഗ്യനില നിരീക്ഷിച്ചാൽ മതിയെന്നും ഡോക്ടർമാർ അറിയിച്ചു.
ഈ അത്ഭുതകരമായ സംഭവം തനിക്ക് പുതിയ ജീവിതോത്സാഹം നൽകിയെന്ന് വാംഗ് പറഞ്ഞു. പിന്നീട് ലോകമെമ്പാടുമുള്ള 30-ലധികം രാജ്യങ്ങൾ സന്ദർശിച്ച അവർ വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫിയുമായി മുന്നോട്ട് പോവുകയാണ്. സന്തോഷകരമായ മാനസികാവസ്ഥ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുമെന്നതിന്റെ ഉദാഹരണമായി ഈ സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.